ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ കടന്നെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന കർശനമാക്കി. നാലോളം ജെയ്ഷെ ഭീകരർ ഡല്‍ഹിയില്‍ കടന്നുകയറിയതായാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നല്‍കുന്നത്. ഡല്‍ഹിയിലുള്‍പ്പെടെ പത്തോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടാവാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം.
വ്യോമകേന്ദ്രങ്ങള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത കണക്കിലെടുത്ത് കർശന ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍, അമൃത്സര്‍, ആവന്തിപുര്, പത്താന്‍കോട്ട്, ഹിന്‍ഡന്‍ തുടങ്ങിയ വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് കേന്ദ്രീകൃത സംഘടകൾ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്നു. ഇതിനെത്തുടർന്ന് പലയിടങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷയിലാണ് രാജ്യം.