
നീണ്ട 13 വർഷത്തെ വേദനകൾക്കും നിയമപ്പോരാട്ടങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. രാജ്യത്ത് നിയമപരമായി ദയാവധത്തിന് (Euthanasia) സുപ്രീംകോടതി അനുമതി നൽകിയ ആദ്യത്തെ വ്യക്തിയാണ് ഹരീഷ് റാണ. കോടതി ഉത്തരവിനെത്തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്ത് സാധാരണ കിടക്കയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മരണം.
2013 ഓഗസ്റ്റ് 20-ന് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹരീഷിന്റെ ജീവിതം മാറ്റിമറിച്ചത്. അന്നുമുതൽ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മകന്റെ ദുരിതം കണ്ടുനിൽക്കാനാകാതെ മാതാപിതാക്കൾ ദയാവധത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ഡൽഹി ഹൈക്കോടതി ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഒരു മനുഷ്യന് അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ മുൻനിർത്തിയാണ് കോടതി ഈ ചരിത്രപരമായ അനുമതി നൽകിയത്.