ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ ഗവര്‍ണറുടെ നടപടി. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജരിവാളിന്‍റെ നേതൃത്വത്തില്‍ എഎപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനിടെയാണ് പുതിയ നീക്കം.
കേജരിവാള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി. ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസ്. ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തിരുന്നു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കേജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നു.
മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എ.എ.പി. സര്‍ക്കാരിന്‍റെ മദ്യനയമാണ് കേസിന്‍റെ അടിസ്ഥാനം. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിച്ചിരുന്നു.
കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കേജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.