ഡൽഹി മദ്യനയ അഴിമതിക്കേസ്; ബിആർഎസ് നേതാവ് കവിത അറസ്റ്റിൽ

Jaihind Webdesk
Friday, March 15, 2024

 

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വസതിയിൽ ഇഡി, ഐടി വകുപ്പുകൾ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ജൂബിലി ഹില്‍സിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കവിതയുടെ സഹോദരനും മുന്‍ മന്ത്രിയുമായ കെ.ടി. രാമറാവു ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ചു. അതിനിടെ മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹര്‍ജി സെഷൻസ് കോടതി തള്ളിയിരുന്നു. കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്‍രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത കവിതയെ ഡൽഹിയിലേക്കു കൊണ്ടുപോകും.

ഡൽഹി സർക്കാരിന്‍റെ കീഴിലായിരുന്ന മദ്യവിൽപ്പനയുടെ ലൈസൻസ് 2021-ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സമയത്തുള്ള ഈ അറസ്റ്റ് ബിആർഎസിന് വൻ തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളിയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.