2020-ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) മുന്‍ വിദ്യാര്‍ത്ഥികളുമായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ള ഏഴ് പേരുടെ ജാമ്യാപേക്ഷ തള്ളി. ജസ്റ്റിസുമാരായ നവീന്‍ ചൗളയും ഷാലിന്ദര്‍ കൗറും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഖാലിദിന്റെയും ഇമാമിന്റെയും കൂടാതെ മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, അഥര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെയും ജാമ്യാപേക്ഷകള്‍ തള്ളി. ഇമാമിന്റെയും ഖാലിദിന്റെയും ജാമ്യാപേക്ഷകള്‍ 2022 മുതല്‍ കെട്ടിക്കിടക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.നേരത്തെ, ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയായ തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിന് ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കലാപത്തില്‍ 50-ലധികം പേര്‍ മരിക്കുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉമര്‍ ഖാലിദിനേയും , ഷര്‍ജീല്‍ ഇമാമിനേയും ഡല്‍ഹി പോലീസ് അക്രമത്തിന്റെ ‘സൂത്രധാരന്മാര്‍’ എന്നാണ് വിശേഷിപ്പിച്ചത്. 2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഖാലിദ് അന്നുമുതല്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഖാലിദിന് 7 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.