
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും സി.എം.ആര്‍.എല്ലും ഉള്‍പ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചാണ് കേസില്‍ അന്തിമവാദം കേള്‍ക്കുന്നത്. നേരത്തെ ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയുടെ ബെഞ്ചിലായിരുന്ന കേസ്, സാങ്കേതിക കാരണങ്ങളാല്‍ വാദം കേള്‍ക്കാതെ മാറ്റിവെക്കുകയായിരുന്നു.
ഒക്ടോബറില്‍ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്‌ക്കോ കേന്ദ്ര സര്‍ക്കാരിനോ വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ഇതിനെതിരെ സി.എം.ആര്‍.എല്ലിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പരിഹാസം ഉന്നയിച്ചിരുന്നു. ‘സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍’ എന്നാണ് പേരെങ്കിലും കേന്ദ്രം ഈ കേസിനെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ ഇന്നത്തെ വാദം നിര്‍ണ്ണായകമാകും.