മാധ്യമ വിചാരണ അവസാനിപ്പിക്കണം : സമാന്തര കോടതിയാകരുതെന്നും അർണബിനോട് ഡല്‍ഹി ഹൈക്കോടതി

Jaihind News Bureau
Thursday, September 10, 2020

Arnab-Goswami

 

ന്യൂഡല്‍ഹി : സുനന്ദാ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. അര്‍ണബ് ഗോസ്വാമിക്കെതിരെ ശശി തരൂര്‍ എം.പി നല്‍കിയ ഹർജിയിലാണ് കോടതി നടപടി.

തെളിവുകളുടെ പവിത്രതയും ക്രിമിനല്‍ വിചാരണയും മാനിക്കപ്പെടണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് സമാന്തര കോടതി നടത്തി മാധ്യമവിചാരണ നടത്താന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. സുനന്ദാ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു.

2017 ഡിസംബര്‍ ഒന്നിനാണ് ശശി തരൂര്‍ റിപ്പബ്ലിക് ടി.വിയുടെ പ്രോഗ്രാമിനെതിരെ ഹർജി സമര്‍പ്പിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ് തരൂരിന്‍റെ പരാതി. 2017 ജൂണില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയിലും അര്‍ണബിനെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.