ന്യൂഡൽഹി : കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന്‍റെ കെടുകാര്യസ്ഥതക്കെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നതെന്ന് കോടതി പരാർമശിച്ചു. തലസ്ഥാനത്തെ ആറ് മാക്സ് ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ വ്യവസായത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെന്നും വ്യവസായികൾപോലും സഹായിക്കാൻ സന്നദ്ധരാകുമ്പോൾ സർക്കാരിന് മനുഷ്യജീവനെക്കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി വിമർശിച്ചു. 1400 ലേറെ കോവിഡ് രോഗികളുള്ള മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. എന്ത് നടപടി സ്വീകരിച്ചിട്ടാണെങ്കിലും പ്രാണവായുവിന്‍റെ ലഭ്യത രോഗികള്‍ക്ക് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
കേന്ദ്ര സർക്കാരിന്‍റെ കൈയിൽ എല്ലാ അധികാരവും ശക്തിയുമുണ്ടെന്ന് കോടതി പറഞ്ഞു. വിമാനമാർഗം ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാക്‌സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കൽ ആൻഡ് റിസർച്ച് സെന്‍റർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷമായ പരാമർശം.