രാജ്യദ്രോഹക്കേസിൽ കനയ്യ കുമാർ ഉൾപ്പെടെയുള്ള മുൻ വിദ്യാർഥികളെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. 2016 ഫെബ്രുവരിയിൽ ജെഎൻയു ക്യാബസിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാർ, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരായ ഉമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെഎൻയു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്. സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കനയ്യയും സുഹൃത്തുക്കളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. ഇതേത്തുടർന്ന് കനയ്യ കുമാർ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി.
പിന്നീട് കനയ്യ കുമാർ മോദി സർക്കാരിന്‍റെയും ബിജെപിയുടെയും മുഖ്യ വിമർശകരിൽ ഒരാളായി മാറി. ഇപ്പോള്‍ ബിഹാറിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വവും കനയ്യ കുമാറിനായിരുന്നു. റാലിക്കിടെ പലയിടത്തും കനയ്യയും സംഘവും ആക്രമിക്കപ്പെട്ടിരുന്നു.