മലയാളം വിലക്കില്‍ പ്രതിഷേധം ശക്തമായി ; വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി

ന്യൂഡല്‍ഹി : നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡല്‍ഹി ജി.ബി പന്ത് ആശുപത്രി ഉത്തരവ് പിന്‍വലിച്ചു. ഉത്തരവ് വിവാദമാകുകയും പ്രതിഷേധം ഉയരുകയും ചെയ്തതിനുപിന്നാലെയാണ് നടപടി. നഴ്‌സുമാര്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നായിരുന്നു ഉത്തരവ്. ഇല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.

തൊഴിലിടത്തിൽ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് സൂപ്രണ്ടിൻറെ വാദം. ഇതരഭാഷക്കാരായ സഹപ്രവർത്തകരോടും രോഗികളോടും ഹിന്ദിയിലോ, ഇംഗ്ലീഷിലോ ആണ് സംസാരിക്കുന്നതെന്ന് മലയാളി നഴ്സുമാരും  പറഞ്ഞു.

നടപടിക്കെതിരെ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മറ്റ് ഭാഷകളെപ്പോലെ തന്നെ മലയാളവും ഇന്ത്യയിലെ ഭാഷയാണെന്നും അതിന്‍റെ പേരിലെ വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിചിത്രവും ഭരണഘടന വിരുദ്ധവുമായ തീരുമാനമാണെന്ന് ജയറാം രമേശ് പ്രതികരിച്ചു. മാതൃഭാഷയിൽ സംസാരിക്കരുതെന്ന് ഒരു സർക്കാർ സ്ഥാപനം നിർദേശിച്ചത് ഞെട്ടിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ല. കുറ്റകരമാണ്. ഇന്ത്യൻ പൗരൻറെ അവകാശലംഘനമാണ്. ഉത്തരവ് പിൻവലിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. റൈറ്റ് ടു സ്പീക്ക് മലയാളം എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപയിനും സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു.

Comments (0)
Add Comment