സാങ്കേതിക തകരാർ: ഡല്‍ഹി-ദോഹ ഖത്തർ എയർവേയ്സ് പാകിസ്ഥാനില്‍ ഇറക്കി

Jaihind Webdesk
Monday, March 21, 2022

ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തർ എയർവേയ്സ് വിമാനം സാങ്കേതിക കാരണങ്ങളാൽ പാകിസ്ഥാനിലെ കറാച്ചിയിലിറക്കി. നൂറ് യാത്രക്കാരുമായി പോയ ക്യുആർ 579 നമ്പർ ഫ്ലൈറ്റാണ് കറാച്ചിയിലേക്ക് തിരിച്ചു വിട്ടത്.

എന്നാല്‍ ഇതു സംബന്ധിച്ച് യാത്രക്കാർക്ക് വിവരമൊന്നും നൽകിയിട്ടില്ലെന്നും പരാതിയുണ്ട്. ഭക്ഷണമോ വെള്ളമോ നൽകുന്നില്ലെന്നും യാത്രക്കാരനായ ഡോ. സമീർ ഗുപ്ത ട്വീറ്റ് ചെയ്തു. പലർക്കും ദോഹയിൽ നിന്ന് കണക്റ്റിംഗ് ഫ്ളൈറ്റുകൾ ഉണ്ടെന്നും എന്നാൽ കറാച്ചിയിൽ നിന്ന് എപ്പോൾ തിരിച്ചു പറക്കാൻ കഴിയുമെന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു യാത്രക്കാരൻ രമേഷ് റാലിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കാര്‍ഗോ സെക്ഷനില്‍ പുക കണ്ടതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം.