ഡല്‍ഹി സഖാവ് ‘ഇടനിലക്കാരന്‍’: കേരളത്തെ പിന്നില്‍ നിന്ന് കുത്തി ബ്രിട്ടാസ്; മിണ്ടാട്ടം മുട്ടി സി.പി.ഐ

Jaihind News Bureau
Thursday, December 4, 2025

 

പി.എം. ശ്രീ പദ്ധതിയിലെ ‘രഹസ്യകരാറി’ന് പിന്നില്‍ സി.പി.എം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍, സംസ്ഥാന ഭരണത്തിലെ സുതാര്യതയില്ലായ്മയും മുന്നണി ധര്‍മ്മലംഘനവും തുറന്നുകാട്ടുന്നതാണ്. സംസ്ഥാന മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ, സി.പി.ഐ. മന്ത്രിമാരെ പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ ധൃതിപ്പെട്ട് ഒപ്പുവെച്ച ഈ കരാര്‍ ഒരു വ്യക്തിയുടെ മാത്രം ഇടപെടലല്ല; ഇത് സി.പി.എം.-ബി.ജെ.പി. ‘ഡീലിന്റെ’ ഏറ്റവും വലിയ തെളിവാണെന്ന ആരോപണങ്ങള്‍ ശക്തമാണ്.

ഇതാണ് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ കളിച്ച ഇരട്ടത്താപ്പ് നാടകം. രാജ്യസഭയില്‍ പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തുകയും ബി.ജെ.പി. സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ചെയ്ത അതേ എം.പി.യാണ് രഹസ്യമായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഈ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ‘മധ്യസ്ഥത’ വഹിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ ബ്രിട്ടാസിനെ അഭിനന്ദിച്ചുകൊണ്ട് സത്യം വിളിച്ചുപറഞ്ഞതോടെ, സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു.

‘കേരളത്തിന് വേണ്ടി പാലമായി പ്രവര്‍ത്തിച്ചു’ എന്ന ന്യായീകരണം ബ്രിട്ടാസ് പാര്‍ലമെന്റിന് പുറത്ത് സമ്മതിച്ചെങ്കിലും, പാര്‍ലമെന്റിനകത്തും പുറത്തും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയുടെ നഗ്‌നമായ ലംഘനമാണ്. ‘വിപ്ലവം പുറത്ത് കരാര്‍ അകത്ത്’ എന്ന നയമാണ് ഇവിടെ ജോണ്‍ ബ്രിട്ടാസ് സ്വീകരിച്ചിരിക്കുന്നത്. ‘കട്ടക്ക് എതിര്‍ക്കും പക്ഷേ ഒപ്പിടും’ എന്ന സി.പി.എം. നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയം നിലനില്‍ക്കെയാണ് സി.പി.ഐ. മന്ത്രിമാരെപ്പോലും അറിയിക്കാതെ സി.പി.എം. ഈ കരാറിലേക്ക് നീങ്ങിയത്. ഇത് എല്‍.ഡി.എഫ്. മുന്നണി ധര്‍മ്മത്തോടുള്ള കടുത്ത വെല്ലുവിളിയാണ്.

ജോണ്‍ ബ്രിട്ടാസ് നടത്തിയതായി പറയുന്ന ഇടപെടല്‍ സി.പി.ഐ.യെ വഞ്ചിക്കുന്നതിന് തുല്യമായി. ബ്രിട്ടാസ് നയതന്ത്രത്തില്‍ മിണ്ടാട്ടം മുട്ടി സി.പി.ഐ. എന്ന അവസ്ഥയിലായി ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനങ്ങളെ മറികടന്ന്, ഒരു എം.പിക്ക് വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സി.പി.എം. – ബി.ജെ.പി. ഡീലുകള്‍ പല വിഷയങ്ങളിലുമുണ്ടെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ശിവന്‍കുട്ടിയുടെ വകുപ്പില്‍ ബ്രിട്ടാസിന്റെ വിളയാട്ടം എന്നും ആരോപണമുയരുന്നുണ്ട്. ഇതിനു മുന്‍പ് ലേബര്‍ കോഡ് കള്ളക്കളിയിലും ബ്രിട്ടാസ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയവും ഉയരുന്നു. കേരളത്തെ പിന്നില്‍ നിന്ന് കുത്തുന്ന ബ്രിട്ടാസ് എന്ന വിമര്‍ശനവും ശക്തമാണ്.

പ്രധാനപ്പെട്ട ഒരു കരാര്‍ രഹസ്യമായി ഒപ്പുവെക്കുകയും, ജനകീയ എതിര്‍പ്പും മുന്നണിയിലെ സമ്മര്‍ദ്ദവും വന്നപ്പോള്‍ പിന്‍വാങ്ങുകയും ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ഭരണപരമായ സുതാര്യതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. ഈ വിഷയത്തില്‍ സി.പി.എം. നേതൃത്വവും സംസ്ഥാന സര്‍ക്കാരും എത്രയും പെട്ടെന്ന് വ്യക്തമായ വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍, കേരള ഭരണത്തിന്റെ വിശ്വാസ്യതയ്ക്ക് ഈ സംഭവം കനത്ത പ്രഹരമാകും എന്നതില്‍ സംശയമില്ല.