ഡല്‍ഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ; കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക്

Jaihind News Bureau
Wednesday, December 2, 2020

ന്യൂഡൽഹി:  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക സമരം  7 ആം ദിവസവും തുടരുന്നു. കേന്ദ്രവുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ  പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കർഷക സംഘടനകൾ. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലേക്ക് എത്തി. പ്രശ്ന പരിഹാരത്തിന് നാളെ വീണ്ടും കർഷക സംഘടന പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ്  പ്രതിഷേധം കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കേന്ദ്ര സർക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്ന നിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്. സിംഗു, തിക്രി, ഗസിയാബാദ് അതിർത്തികളിൽ ആയിരക്കണക്കിന് കർഷകരാണ് നിലയുറപ്പിച്ചിരിക്കുന്നത്. കൂടുതൽ കർഷകർ പ്രതിഷേധത്തിന് പിന്തുണയുമായി മേഖലയിലേക്ക് എത്തി.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിന് പകരം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കർഷക സംഘടനകളിലെ വിദഗ്ധരും സർക്കാർ പ്രതിനിധികളും ചേർന്ന് പാനൽ രൂപീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശവും ഇന്നലെ കർഷകർ തളളിയിരുന്നു. നാളെ കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. വിഷയത്തിൽ നാളെ പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യം ഉണ്ടായാൽ ഡൽഹിയിലെ 5 അതിർത്തികളും പൂർണമായും അടച്ചു പ്രതിഷേധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.