
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ സ്ഫോടനം ചാവേര്‍ ആക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നിര്‍ണായക വിവരം വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ നടന്ന ഫരീദാബാദ് അറസ്റ്റിനു പിന്നാലെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. കാര്‍ ഓടിച്ചത് സംഘത്തിലുള്ള ഉമര്‍ മുഹമ്മദ് ആണെന്നും വാഹനത്തില്‍ നിന്നും ലഭിച്ച മൃതദേഹം ഉമറിന്റേതാകാമെന്നുമാണ് പോലീസിന്റെ നിഗമനം. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഫലം വന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൈകുന്നേരം 6.55 ഓടെ ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് അടുത്തെത്തിയ കാര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവയെല്ലാം സ്ഫോടനത്തില്‍ തകര്‍ന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായും വലിയ തീഗോളം ആകാശത്തേക്ക് ഉയര്‍ന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍, ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തേണ്ടി വന്നതാണ് മാര്‍ക്കറ്റിലേക്ക് കാര്‍ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെടാന്‍ കാരണം. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.