
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ സ്ഫോടനത്തില്‍ ഡല്‍ഹി പോലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി 8 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 13 ആയി ഉയര്‍ന്നു. 30-ല്‍ അധികം പേര് പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരില്‍ ഡല്‍ഹി, യുപി സ്വദേശികളാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് ഭീകരാക്രമണമാണെന്ന സൂചന നല്‍കുന്നുണ്ട്.
സ്ഫോടനം നടന്നത് ചാവേറാക്രമണമാണെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍, റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കറുത്ത മാസ്ക് ധരിച്ച ഒരാള്‍ കാറുമായി പുറത്തേക്ക് ഇറങ്ങുന്നത് കാണാം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല, അതിനാല്‍ സ്ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമാണോ ഉണ്ടായിരുന്നത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഹ്യുണ്ടായ് ഐ 20 കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ ഏകദേശം മൂന്ന് മണിക്കൂറോളം നിര്‍ത്തിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിന്റെ ഇപ്പോഴത്തെ ഉടമ പുല്‍വാമ സ്വദേശി താരിഖ് ആണെന്നാണ് വിവരം.
വൈകുന്നേരം 6.55 ഓടെ ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് അടുത്തെത്തിയ കാര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവയെല്ലാം സ്ഫോടനത്തില്‍ തകര്‍ന്നു. ഒരു കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായും വലിയ തീഗോളം ആകാശത്തേക്ക് ഉയര്‍ന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍, ട്രാഫിക് സിഗ്നലില്‍ വാഹനം നിര്‍ത്തേണ്ടി വന്നതാണ് മാര്‍ക്കറ്റിലേക്ക് കാര്‍ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെടാന്‍ കാരണം. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സാഹചര്യത്തെളിവുകള്‍ ഭീകരാക്രമണത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല