Delhi Blast | ഡല്‍ഹി സ്‌ഫോടനം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; നഗാമിലെ പോസ്റ്റര്‍ മുതല്‍ ചെങ്കോട്ടയിലെ കാര്‍ബോംബ് വരെ ഡോക്ടര്‍മാരുടെ ഭീകര മൊഡ്യൂളിന് പിന്നില്‍ ടെലഗ്രാം ഗ്രൂപ്പുകളും പാക് ബന്ധവും

Jaihind News Bureau
Wednesday, November 12, 2025

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 12 പേരുടെ മരണത്തിനും 24-ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ഈ സ്‌ഫോടനത്തിന് പിന്നില്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു ഭീകര മൊഡ്യൂളാണെന്നത് രാജ്യം അമ്പരപ്പോടെയാണ് അറിഞ്ഞത്. ‘ഫര്‍സന്ദാന്‍-എ-ദാറുല്‍ ഉലൂം (ദിയോബന്ദ്)’ എന്ന ഗ്രൂപ്പും പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ ഉമര്‍ ബിന്‍ ഖത്താബ് നടത്തുന്ന മറ്റൊരു ഗ്രൂപ്പുമാണ് ഇവരെ സ്വാധീനിച്ചതെന്നാണ് സൂചന. അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായ ഡോ. ഉമര്‍ നബിയും ജമ്മുവിലെ ഷോപ്പിയാനില്‍ നിന്നുള്ള ഇമാം ഇര്‍ഫാന്‍ അഹമ്മദ് വാഗയും ഈ ഗ്രൂപ്പുകളിലൊന്നിലൂടെയാണ് പരസ്പരം ബന്ധപ്പെടാന്‍ തുടങ്ങിയതെന്ന വിവരങ്ങളും പുറത്തു വന്നു. ‘കാശ്മീരിന്റെ ആസാദി’, ‘കാശ്മീരികളുടെ അടിച്ചമര്‍ത്തല്‍’ എന്നിവ വിഷയമാക്കി പ്രവര്‍ത്തിച്ച സംഘടനകള്‍ പിന്നീട് ആഗോള ജിഹാദിലേക്കു വഴിമാറുകയായിരുന്നു.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയും വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളും പൊതു സമൂഹത്തിന്റെ ശ്രദ്ധയിലായി. യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള വിദ്യാസമ്പന്നരായ വ്യക്തികള്‍ പാകിസ്ഥാന്‍ പിന്തുണയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പ്രധാന ആരോപണം. ഇത്തരം വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ രാജ്യത്ത് തീവ്രവാദികള്‍ പുതിയ ആയുധമായി ഉപയോഗിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.

ഈ ഗ്രൂപ്പുകളുടെ സൂത്രധാരന്മാര്‍ വിദേശത്തു വച്ച് അതിതീവ്രസംഘടനകളിലെ അംഗങ്ങളെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തുര്‍ക്കി യാത്രയാണ് ഭീകര മൊഡ്യൂള്‍ രൂപീകരിക്കുന്നതില്‍ ഒരു പ്രധാന വഴിത്തിരിവായതെന്നാണ് കണ്ടെത്തല്‍. ഡോ. ഉമറും ഡോ. മുസമ്മിലും ഡോ. ഷഹീനും ഉള്‍പ്പെടെ അഞ്ച് മുതല്‍ ആറ് ഡോക്ടര്‍മാരടങ്ങിയ ഒമ്പത്-പത്ത് അംഗ ഭീകര ലോജിസ്റ്റിക്‌സ് ശൃംഖലയുടെ ഭാഗമായിരുന്നുവെന്നും ഇവര്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാനും നിര്‍മ്മിക്കാനും ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.

പൊലീസ് തകർത്ത മൊഡ്യൂളിലെ സംഭവങ്ങളുടെ നാള്‍വഴി ക്രമം ഇങ്ങനെയാണ്

ഒക്ടോബര്‍ 19: കശ്മിരിലെ നൗഗാമില്‍ പ്രകോപനപരമായ പോസ്റ്റര്‍ പ്രചരിപ്പിച്ച കേസിലെ അന്വേഷണത്തിനിടെ, ഷോപ്പിയാനില്‍ പുരോഹിതനായ ഇര്‍ഫാന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരെ തീവ്രവാദവല്‍ക്കരിക്കുന്നതില്‍ ഇര്‍ഫാന്‍ പ്രധാന പങ്ക് വഹിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം ഒഴിവാക്കാന്‍ ഗ്രൂപ്പ് നൂതന എന്‍ക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി ഇര്‍ഫാന്റെ ചോദ്യം ചെയ്യലില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.

നവംബര്‍ 5: ഇര്‍ഫാനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍, ഡോ. ആദില്‍ റാഥറിനെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് കണ്ടെത്തി ചോദ്യം ചെയ്യാനായി ശ്രീനഗറിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലില്‍, ബോംബ് സ്‌ഫോടന പദ്ധതി, ഫരീദാബാദിലെ സ്‌ഫോടകവസ്തുക്കളുടെ സംഭരണ സ്ഥലം, ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷഹീദ് എന്നിവരുള്‍പ്പെടെയുള്ള കൂട്ടാളികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ആദില്‍ വെളിപ്പെടുത്തി.

നവംബര്‍ 8: റാഥറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, ജമ്മു കാശ്മീര്‍ പോലീസ് ഹരിയാന പോലീസിന്റെ സഹായത്തോടെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോ. ഷക്കീലിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അതേസമയം, ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 റൈഫിള്‍ കണ്ടെടുത്തു, ഇത് അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൊഡ്യൂളിന്റെ തയ്യാറെടുപ്പ് സൂചിപ്പിക്കുകയും അവരുടെ ആയുധ ശേഖരത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

നവംബര്‍ 9: ഡോ. റാഥര്‍, ഡോ. ഷക്കീല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിലൂടെ, ഡോ. ഷക്കീലിന്റെ ഫരീദാബാദിലെ ആശുപത്രിക്ക് സമീപമുള്ള വാടകമുറിയില്‍ നിന്ന് 2,900 സ്‌ഫോടകവസ്തുക്കള്‍ (അമോണിയം നൈട്രേറ്റ്) പോലീസ് കണ്ടെടുത്തു. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയും ഭീകര മൊഡ്യൂളുമായി ബന്ധമുള്ളയാളുമായ ഡോ. ഉമര്‍ നബിയെക്കുറിച്ച് ഡോ. ഷക്കീല്‍ പോലീസിന് വിവരം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ഡോ. ഷഹീന്റെ അറസ്റ്റിലേക്ക് നയിച്ചു. ഡോ. ഷക്കീലുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ജെയ്ഷ്-ഇ-മുഹമ്മദിന്റെ വനിതാ വിഭാഗത്തെ നയിക്കുകയും ചെയ്തിരുന്നത് ഷഹീന്‍ ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശ്വസിച്ചിരുന്നു.

നവംബര്‍ 10: നവംബര്‍ 10 ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒരു കാര്‍ ബോംബ് പൊട്ടിത്തെറിച്ചു. ഇതോടെ അന്വേഷണം ശക്തമായി. സിസിടിവി വിശകലനത്തിലൂടെയും ദൃക്‌സാക്ഷി മൊഴികളിലൂടെയും, സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് i20 ഓടിച്ചിരുന്നത് ഡോ. ഉമര്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭീകര മൊഡ്യൂള്‍ വെളിപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഡോ. ഉമര്‍, തന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്തതിലുള്ള പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയതാണെന്ന് വിലയിരുത്തപ്പെട്ടു.

നവംബര്‍ 11: റെഡ് ഫോര്‍ട്ട് സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷം, പുല്‍വാമയില്‍ നിന്ന് ആറ് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് സിം കാര്‍ഡ് നല്‍കിയ താരിഖ്, ആമിര്‍, ആമിറിന്റെ സഹോദരന്‍ ഉമര്‍ റഷീദ് , ഡോ. ഉമറിന്റെ പിതാവ് ഗുലാം നബി , ഉമറിന്റെ സുഹൃത്ത് ഡോ. സജ്ജാദ് മല്ല, എന്നിവരാണ് കസ്റ്റഡിയിലായത് . ഇതു കൂടാതെ ഡിഎന്‍എ പരിശോധനയ്ക്കായി ഡോ. ഉമറിന്റെ അമ്മ ഷമീമ ബീഗവും പോലീസ് നിരീക്ഷണത്തിലാണ്.

നൗഗാമിലെ പോസ്റ്റര്‍ സംഭവത്തിന് ശേഷമുണ്ടായ കാര്യങ്ങള്‍, ഒരു ചെറിയ പ്രചാരണക്കേസ് എങ്ങനെയാണ് ഒരു വലിയതും സംഘടിതവുമായ വൈറ്റ് കോളര്‍ ഭീകര ശൃംഖലയെ വെളിച്ചത്ത് കൊണ്ടുവന്നതെന്ന് വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകളുടെ പങ്കാളിത്തവും എന്‍ക്രിപ്റ്റഡ് ആശയവിനിമയസാദ്ധ്യതകളും പാകിസ്ഥാനിലെ സൂത്രധാരന്മാരുമായുള്ള നേരിട്ടുള്ള ബന്ധവും മുന്‍കാല ഭീകര ഗൂഢാലോചന കേസുകളില്‍ നിന്ന് ഈ തീവ്രവാദത്തെ വ്യത്യസ്തമാക്കുന്നു.