ഡല്‍ഹിയില്‍ വായുമലിനീകരണം : പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

Jaihind Webdesk
Friday, November 4, 2022

ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ . കൂടാതെ കായിക മത്സരങ്ങളും മറ്റും നടത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി ക്ലാസുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുള്ളത്. സെക്കണ്ടറി ക്ലാസ്സുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇനിയും ഉണ്ടായിട്ടില്ല. നിലവില്‍ നവംബര്‍ 8 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്.
ഡല്‍ഹിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായ നിലയില്‍ തുടരുകയാണ് . നിലവില്‍ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 450 ആണ്. എക്യുഐ 400ന് മുകളിലാകുന്നത് ആരോഗ്യമുള്ള ആളുകളെ പോലും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ്. നോയിഡയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 562 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അസാധാരണമായി ഉയര്‍ന്ന സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്തേക്ക് അവശ്യസാധനങ്ങളുമായി വരുന്ന ഡീസല്‍ ട്രക്കുകളുടെ പ്രവേശനം നിരോധിച്ചു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി എല്ലാ ശൈത്യകാലത്തും ഡല്‍ഹി മാറുകയാണ്.