കൊച്ചി : സിപിഎമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ചർച്ചകളിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. മാധ്യമങ്ങൾക്ക് എൽഡിഎഫിനോടും യുഡിഎഫിനോടും രണ്ട് നീതിയാണെന്നും കോൺഗ്രസ് നേതാക്കളുടെ പിറകെ നടക്കുന്ന മാധ്യമങ്ങൾ സിപിഎമ്മിലെ തർക്കം റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനവാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് നടക്കുക എന്ന് പറയുന്നവർ പഴയ ചരിത്രം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ പൂർത്തീകരിക്കാൻ കഴിയാത്തവരാണ് രണ്ട് ലക്ഷം കോടി രൂപയുടെ കമ്മീഷൻ റെയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്. വികസനം വേണം വിനാശം വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്.
എഡിബിക്കാരുടെ തലയിൽ കരിഓയിൽ ഒഴിച്ചവർ ജപ്പാൻ ബാങ്കിൽ നിന്നും കടം എടുക്കുന്നു. എല്ലാകാലത്തും വികസന വിരുദ്ധ പിന്തിരിപ്പൻ നിലപാട് എടുത്തവരാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.