മകളുടെ ഘാതകർക്ക് തക്ക ശിക്ഷ ലഭിച്ചതില്‍ സന്തോഷമെന്ന് നിർഭയയുടെ മാതാപിതാക്കള്‍. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും വൈകിയാണെങ്കിലും നീതി നടപ്പായെന്നും നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.
‘സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് അച്ഛനമ്മമാർ അവരുടെ ആണ്മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി’ – ആശാദേവി പറഞ്ഞു.
തന്റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നീതിപീഠത്തിനും സര്‍ക്കാരിനും നന്ദിപറയുന്നെന്നും നിർഭയയുടെ അമ്മ കൂട്ടിച്ചേർത്തു.
ഇത് നീതിയുടെ ദിവസമാണെന്ന് നിര്‍ഭയയുടെ പിതാവും പ്രതികരിച്ചു. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കൊവിഡ് ഭീഷണിക്കിടെ ആളുകള്‍ തടിച്ചുകൂടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്നും നൂറുകണക്കിന് പേരാണ് തിഹാർ ജയിലിന് പുറത്ത് എത്തിയത്. പുലർച്ചെ 5.30 ന് പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ മധുരം വിതരണം ചെയ്തും ആർപ്പ് വിളിച്ചും നിർഭയക്ക് നീതി ലഭിച്ചതിലെ ആഹ്ളാദം പങ്കുവെച്ചു.