തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് പ്രതിഫലം നൽകാൻ വൈകുന്നു: മുഖ്യമന്ത്രിക്ക് കത്ത് നൽകി കെഎസ്‌യു

Jaihind Webdesk
Tuesday, July 2, 2024

 

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് ശമ്പളം നൽകാൻ വൈകുന്നത് പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സ്റ്റുഡൻസ് പോലീസ് കാഡറ്റ്, എൻസിസി തുടങ്ങി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽ ലക്ഷത്തോളം പേർക്കാണ് 2600 രൂപ വീതം നൽകാനുള്ളത്. പഠനത്തോടൊപ്പം വരുമാനം എന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികൾ നൽകിയ സേവനത്തിന് വേതനം മുടങ്ങിയത് തീർത്തും ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോലീസ് ക്ഷാമം പരിഹരിക്കാനായാണ് 25000 സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിച്ചത്. ഏപ്രിൽ 16ലെ ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം രണ്ട് ദിവസത്തേക്ക് 1300 രൂപ വീതം 2600 രൂപയായിരുന്നു പ്രതിഫലം. മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പ് ദിവസം നേരിട്ട് നൽകിയിരുന്ന പണമാണ് ഇത്തവണ ഡീറ്റെയിൽസ് വാങ്ങിയ ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകാം എന്ന് പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ചെയ്ത ഡ്യൂട്ടിക്ക് പ്രതിഫലം ലഭിച്ചിട്ടുമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഇതിൽ ഉണ്ടെന്ന യാഥാർത്ഥ്യം സർക്കാർ കാണാതെ പോകരുത് എന്നും രാഷ്ട്രീയത്തിന് അതീതമായി ഡ്യൂട്ടി ചെയ്ത നിരവധി വിദ്യാർത്ഥികളാണ് വിഷയത്തിൽ തങ്ങളുടെ ദയനീയ സാഹചര്യം അറിയിച്ച് ബന്ധപ്പെടുന്നത് എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. പാവപ്പെട്ട വിദ്യാർത്ഥികളുടെ നിസ്സഹായതയെ സർക്കാർ ചൂഷണം ചെയ്യരുത്. വിദ്യാർത്ഥികൾ ഉൾപ്പടെ സേവനമനുഷ്ഠിച്ചവർക്ക് നീതി ലഭിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.