ഇടുക്കിയിൽ വീണ്ടും വനംകൊള്ള. പുന്നയാറിലാണ് ഇക്കുറി വനംകൊള്ള നടന്നത്. നൂറിലേറെ തേക്കു മരങ്ങൾ വെട്ടി കടത്തി. കരിമണൽ ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ തന്നെയുള്ള പുന്നയാർ ഭാഗത്തു നിന്നാണ് മരങ്ങൾ വെട്ടി കടത്തിയത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തടി മോഷണമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.
നേരത്തെയും റിസര്‍വ് വനത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന തേക്ക് തടികള്‍ വെട്ടിക്കടത്തിയിരുന്നു. നേര്യമംഗലം റേഞ്ച് ഓഫീസിന്‍റെ കീഴില്‍ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പരിധിയില്‍ ഓഡിറ്റ് വണ്‍ ഭാഗത്തു നിന്നാണ് തേക്ക് തടികള്‍ വെട്ടികടത്തിയത്. കൊള്ളയ്ക്കുള്ള സഹായം ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നതായും പരിസ്ഥിതി സംഘടകള്‍ ആരോപിക്കുന്നു. വനം വകുപ്പിന്‍റെ റിസര്‍വ് ഭൂമിയില്‍ നിന്നും ഇത്രയധികം മരങ്ങള്‍ കടത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വെണ്‍മണിയില്‍ നിന്ന് ഈട്ടിത്തടികള്‍ കടത്തിയ സംഭവത്തിലും ദുരൂഹത തുടരുകയാണ്.