അപകീര്‍ത്തി പരാമര്‍ശം ; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

Jaihind News Bureau
Tuesday, May 6, 2025

തിരുവനന്തപുരം: യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അപകീര്‍ത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതായി ആരോപിച്ച് ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസ് തിങ്കളാഴ്ച യൂട്യൂബറെ അറസ്റ്റ് ചെയ്തത്. നിലവില്‍ വിദേശത്ത് താമസിക്കുന്ന സ്ത്രീ, ഷാജന്‍ സ്‌കറിയയ്ക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതായി ആരോപിച്ച് പരാതി നല്‍കിയിരുന്നു. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഷാജന്‍ സ്‌കറിയയ്ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു.

പരാതിയെ തുടര്‍ന്ന് സ്‌കറിയയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75(1) (ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തല്‍), 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ടിലെ സെക്ഷന്‍ 67, കേരള പോലീസ് (കെപി) ആക്ടിലെ സെക്ഷന്‍ 120(ഒ) എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഷാജനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു