അപകീർത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ കിട്ടും; സൂറത്ത് കോടതി വിധിക്ക് സ്റ്റേ

Jaihind Webdesk
Friday, August 4, 2023

 

ന്യൂഡല്‍ഹി: മോദി പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. പരമാവധി ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഏർപ്പെടുത്തിയതോടെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. രാഹുല്‍ ഗാന്ധിക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനാകും.

സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കേസിൽ മാപ്പ് പറയില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

2019ലെ ‘മോദി’ പരാമർശത്തിന്‍റെ പേരിലുള്ള അപകീർത്തിക്കേസിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്.