അപകീർത്തി കേസ്; സുപ്രീം കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

Saturday, July 15, 2023

 

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ച മജിസ്ട്രേട്ട് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ പരാതിയില്‍ സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. 2 വർഷം തടവും പിഴയുമായിരുന്നു ശിക്ഷ.  കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ ഹര്‍ജി ജൂലൈ ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ നടത്തിയ പരാമർശമാണ് കേസിന് ആധാരം.  ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന പരാമർശം രാഷ്ട്രീയ ആയുധമാക്കിയാണ് ബിജെപി രാഹുല്‍ ഗാന്ധിയെ വേട്ടയാടിയത്. അദാനി-മോദി ബന്ധം ശക്തമായി പാർലമെന്‍റില്‍ ഉയർത്തിയതിന് പിന്നാലെയായിരുന്നു ബിജെപിയുടെ നീക്കം. അതേസമയം നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും  പാർലമെന്‍റിന് പുറത്ത് തന്‍റെ ശബ്ദം ഉയർന്നുകൊണ്ടേയിരിക്കും എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പാർട്ടിയും വ്യക്തമാക്കി.