മോദി പരാമർശം: രാഹുല്‍ ഗാന്ധി നേരിട്ടെത്തി അപ്പീല്‍ നല്‍കി; ജാമ്യം നീട്ടി നല്‍കി സൂറത്ത് സെഷന്‍സ് കോടതി; കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റി

Jaihind Webdesk
Monday, April 3, 2023

 

ന്യൂഡൽഹി/അഹമ്മദാബാദ്: മോദി പരാമർശത്തിലെ അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യകാലാവധി നീട്ടി സൂറത്ത് സെഷന്‍സ് കോടതി.  സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി രാഹുല്‍ ഗാന്ധി അപ്പീൽ നൽകി. ഏപ്രില്‍ 13ന് പരിഗണിക്കാനായി കേസ് മാറ്റി.

മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുല്‍ ഗാന്ധിക്കൊപ്പം കോടതിയിലെത്തി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയ രാഹുല്‍ ഗാന്ധി ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മജിസ്ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഇതാണ് സെഷൻസ് കോടതി നീട്ടി നൽകിയത്. കോടതി വിധി വന്ന് 12-ാം ദിവസമാണ് അപ്പീല്‍ നല്‍കിയത്.

മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് വിധിച്ചിരുന്നത്. 2019 ഏപ്രില്‍ 13ന് കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ ലക്ഷമിട്ട്  നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തില്‍ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകി പരാതിയിലാണ് സൂറത്ത് മജിസ്ട്രേറ്റ്  കോടതി 2 വർഷം തടവിന് വിധിച്ചത്. പട്നയിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ ഏപ്രിൽ 12ന് രാഹുൽ ഗാന്ധിയോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

വിധിയുടെ പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വവും അയോഗ്യമാക്കപ്പെട്ടു. ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയർത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം ശക്തമായത്. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്തെന്നും അദ്ദേഹം പാർലമെന്‍റില്‍ ചോദിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് ഒരക്ഷരം പോലും മറുപടി പറയാന്‍ പ്രധാനമന്ത്രി തയാറായില്ല. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് തന്‍റെ അയോഗ്യതയ്ക്ക് പിന്നിലെന്നും എന്തുതന്നെ സംഭവിച്ചാലും താന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.