ഉമ്മൻ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ്; വി.എസ് 15 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി

തിരുവനന്തപുരം: സോളാർ കേസിൽ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ വി.എസ് അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. വിഎസിന്‍റെ അപ്പീൽ അനുവദിക്കാൻ 14,89,750 രൂപ കെട്ടിവെക്കണം. തുക കെട്ടിവെച്ചില്ലെങ്കിൽ തത്തുല്യമായ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.

ജനുവരി 22നായിരുന്നു വിഎസിനെതിരായ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ വിധി സബ് കോടതിയില്‍ നിന്നുണ്ടായത്. അന്യായം നൽകിയ ദിവസം മുതൽ 6 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി ബാലകൃഷ്‌ണൻ ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. നഷ്‌ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അഡ്വ. സന്തോഷ് ആണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജരായത്.

2013 ല്‍ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസി അച്യുതാനന്ദന്‍റെ വിവാദ പരാമർശം. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന  പരാമർശത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Comments (0)
Add Comment