ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ നോട്ടീസ്. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തനിക്കെതിരെയും ഭര്‍ത്താവിനെതിരെയും അപകീര്‍ത്തികരവും മോശവുമായ പരാമര്‍ശങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നിര്‍മ്മല സീതാരാമന്‍ നടത്തിയെന്നും പ്രസിദ്ധീകരിച്ചുവെന്നും ലിപിക മിത്ര തന്റെ പരാതിയില്‍ ആരോപിക്കുന്നു.
2024 മെയ് 17ന് നടന്ന ഒരു പത്രസമ്മേളനത്തില്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ധനമന്ത്രി താനും സോംനാഥ് ഭാരതിയും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ തെറ്റായി സംസാരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സോംനാഥ് ഭാരതിയുടെ സല്‍പ്പേരിന് കളങ്കം വരുത്താനും പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയസാധ്യത ദുര്‍ബലപ്പെടുത്താനുമുള്ള ഏക ഉദ്ദേശത്തോടെയാണ് ഈ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും മിത്ര ആരോപിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാസ് ദലാല്‍ പരാതി സ്വീകരിച്ചു. മെയ് 19ന് ബിജെപി നേതാവായ സീതാരാമന് നോട്ടീസ് അയച്ചു. ജൂണ്‍ 12ന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.