ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക് ; ‘രാജ്യത്തെ ഒന്നിച്ചു നിർത്താന്‍ കോണ്‍ഗ്രസിനേ കഴിയു’ ; ‘ബിജെപി വൃത്തികെട്ട കളികള്‍ കളിക്കുന്നു’

Jaihind Webdesk
Sunday, October 10, 2021


ന്യൂഡല്‍ഹി : പേരുകേട്ട അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിംഗ് രജാവത് കോൺഗ്രസിലേക്ക്. കോണ്‍ഗ്രസിന് മാത്രമേ ഈ രാജ്യത്തെ ഒരുമയോടെ നിലനിർത്താനുള്ള ശേഷി ഉള്ളുവെന്നും, കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് രാഹുലിനും സോണിയാ ഗാന്ധിക്കുമൊപ്പം കേരളത്തില്‍ നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും അവർ പറഞ്ഞു.

“2014 മുതലുള്ള ബിജെപി ഭരണത്തിൽ അവർ  രാജ്യത്തെ ഭിന്നിപ്പാക്കാൻ ശ്രമിക്കുന്നു. അധികാരം നിലനിർത്താൻ ചില വൃത്തികെട്ട കളികൾ കളിക്കും. അതാണ് ബിജെപി ഇപ്പോൾ ചെയ്യുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ചും, പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തിയുമാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. അല്ലാതെ ഭരണമികവോ മറ്റ് യോഗ്യതകളോ ഉണ്ടായിട്ടല്ല നരേന്ദ്രമോദിയുടെ ഭരണം ഇവിടെ നിലനിൽക്കുന്നത്. ”

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ കണ്ട് പഠിക്കണം,  രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്ക് പ്രവേശനമില്ല എന്ന് പറയുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ദീപിക പറഞ്ഞു. മോദിയുടെ ദുർഭരണത്തില്‍ നിന്നും രാജ്യത്തെ തിരികെ കൊണ്ടുവരുമെന്നും അതിനുവേണ്ടി കോൺഗ്രസിനൊപ്പം പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.