മന്ത്രിമാരുടെ വിടുവായത്തം മുഖ്യമന്ത്രി തിരുത്തുന്നില്ല; തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലെന്ന് ദീപിക മുഖപ്രസംഗം

Jaihind Webdesk
Tuesday, January 2, 2024

 

കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിമര്‍ശനത്തില്‍ മറുപടിയുമായി ദീപിക. സജി ചെറിയാൻ്റ വിടുവായത്തം തിരുത്താൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. സഭാമേലധ്യക്ഷന്മാരെ വിമർശിക്കാൻ മന്ത്രിമാർ എന്തും വിളിച്ചു പറയുകയാണെന്നും ഇതിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി തീക്കൊളളി കൊണ്ട് തല ചൊറിയുകയാണെന്നും ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. കെ.ടി ജലീലിന്‍റെ സാമൂഹ്യമാധ്യമ വിഷം ചീറ്റലിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

‘രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം?’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് സജി ചെറിയാനും കെ.ടി, ജലീലിനും വിമര്‍ശമുന്നയിച്ചിരിക്കുന്നത്. സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോട് പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവര്‍. അതില്‍ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്നു സംശയിക്കണമെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

കെ.ടി ജലീലിനെതിരെയും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തിലാണ് കെ.ടി. ജലീല്‍ ദുഷ്ടലാക്ക് കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിഷംചീറ്റല്‍. ഇത്തരം പരാമർശങ്ങള്‍‌ ജീർണതയുടെ സംസ്കാരം പേറുന്നവർക്ക് ഭൂഷണമായിരിക്കും. എന്നാല്‍ ഇത് അവരവർ ഇരിക്കുന്ന സ്ഥാനത്തിന് ഭൂഷണമല്ലെന്ന് ഓർമ്മിപ്പിക്കുന്നതായും ലേഖനം ചൂണ്ടിക്കാട്ടുന്നു. കെസിബിസി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുസ്‍ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒന്നിച്ചു വേദി പങ്കിട്ടതാണ് ജലീലിനെ അസ്വസ്ഥനാക്കിയത്. ഭരണാധികാരികള്‍, അതു പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാനേതൃത്വം എക്കാലത്തും പുലര്‍ത്തിപ്പോരുന്ന മര്യാദയാണ്. കേരള മുഖ്യമന്ത്രി നവകേരള സദസിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുത്തിരുന്നു. അതുകണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്നും മുഖപ്രസംഗം ചോദിക്കുന്നു.

ചില ബിഷപ്പുമാര്‍ക്ക് ബിജെപി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. സിപിഎം പുന്നപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസായ ആര്‍. മുരളീധരന്‍ നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ബിഷപ്പുമാർക്കെതിരെ സജി ചെറിയാന്‍റെ വിമർശനം.