ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: യുവതി വടകരയില്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, January 21, 2026

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. ഷിംജിത മുസ്തഫയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയും ചെയ്തു. ഇതില്‍ മനംനൊന്ത് കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക് ജീവനൊടുക്കിയത്.

തിങ്കളാഴ്ച പൊലീസ് ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും, ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തന്റെ മകനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കാണിച്ച് അമ്മ പരാതി നല്‍കിയതോടെ ഷിംജിതയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതോടെ ഒളിവില്‍ പോയ ഷിംജിതയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് വടകരയില്‍ നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.