നാളെ പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം രാജ്യത്തിന്‍റെ ആദ്യ ലോക് പാൽ ആകുമെന്ന് സൂചന. നാലു വർഷത്തെ കാലതാമസത്തിനും സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ശേഷം ലോക് പാൽ നിയമനത്തിനായുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നു.
ലോക് പാലിനെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിക്ക് രണ്ട് ദിവസം മുമ്പ് സർക്കാർ രൂപം നൽകി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതി അധ്യക്ഷ.
റിട്ട ജസ്റ്റിസ് എസ് ആർ സിംഗ്, ഐഎസ് ആർ ഒ മുൻ മേധാവി എ.എസ് കിരൺ കുമാർ, പ്രസാർഭാരതി മേധാവി എ സൂര്യപ്രകാശ്, മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, എസ്ബിഐ മുൻ സിഎംഡി അരുന്ധതി ഭട്ടാചാര്യ, വൈസ് ചാൻസലർ ലളിത്. കെ പൻവർ, ഗുജറാത്ത് മുൻ ഡിജിപി എസ്എസ് കണ്ട്വാല തുടങ്ങിയവരാണ് സമിതിയംഗങ്ങൾ.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടാം തീയതിയാണ് വിരമിക്കുക. രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാൽ അദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം നാളെ ആയിരിക്കും. ലോക്പാൽ നിയമനത്തിനായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പേരുകളിൽ അദ്ദേഹത്തിന്റെ പേര് ഇടം നേടുമെന്നാണ് വിവരം. സർക്കാരിന് അപ്രിയൻ അല്ലാത്ത ന്യായാധിപനാണ് ദീപക് മിശ്ര. കീഴ്വഴക്കങ്ങൾ ലംഘിച്ച് ചീഫ് ജസ്റ്റിസായി വിരമിച്ച പി.സദാശിവത്തെ കേരള ഗവർണറായി നിയമിച്ച ചരിത്രം മോദി സർക്കാരിനുണ്ട്.
https://youtu.be/pVJYTirDD5U