തിരുവോണനാളിൽ പിണറായിയെ വീട്ടിൽ സന്ദർശിച്ച് ദീപക്​ ധർമ്മടം ; അടുത്ത ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Jaihind Webdesk
Monday, August 23, 2021

കണ്ണൂർ : എൻ.ടി സാജന്​ ഒത്താശചെയ്​തെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്ന മാധ്യമപ്രവർത്തകൻ ദീപക്​ ധർമ്മടം തിരുവോണ നാളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിലെ വീട്ടിൽ സന്ദർശിച്ചത് വിവാദത്തിൽ. മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻ.ടി സാജനെതിരെ നടപടി നിർദേശിക്കുന്ന അന്വേഷണ റിപ്പോർട്ട്​ പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്​ ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ദീപക് ധർമ്മടം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച് അരമണിക്കൂറോളം നീണ്ടുനിന്നതായാണ് മുഖ്യമന്ത്രിയുടെ ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ഏറ്റവും അടുപ്പമുള്ള മാധ്യമപ്രവർത്തകനാണ് ദീപക് ധർമ്മടം.

ജൂൺ 29നായിരുന്നു അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഇതില്‍ ദീപക് ധർമ്മടത്തിൻ്റെ ഇടപെടൽ ഉണ്ടെന്ന വിമർശനമാണ് ഉയരുന്നത്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ വനം കൺസർവേറ്റർ എൻ.ടി സാജനും കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്ന പരാമർശം മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിന്‍റെ പരാതിയിൽ, രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻ.ടി സാജനെതിരെയും  ദീപക് ധർമ്മടത്തിനെതിരെയും പരാമർശമുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ കുടുക്കി റിപ്പോർട്ട് നൽകിയെന്നതാണ് കണ്ടെത്തൽ. ഇതിന് ദീപക് ധർമ്മടവും കൂട്ടുനിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.  കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയാണ് സാജന്‍റെ നീക്കമെന്നാണ് കണ്ടെത്തൽ. ഇതിന് മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടവും കൂട്ടുനിന്നു. കേസിൽ പ്രതികളും ദീപക് ധർമ്മടവും തമ്മിലുള്ള ബന്ധം നേരത്തെ പുറത്ത് വന്നിരുന്നു. വിവാദ മരംമുറി സംബന്ധിച്ച റിപ്പോർട്ടിൽ പരാമർശമുള്ള വ്യക്തി മുഖ്യമന്ത്രിയെ സന്ദർശിച്ചത് വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയായിമാറും.