ദീപക്കിന്റെ മരണം: ഷിംജിതയുടെ ആരോപണങ്ങള്‍ തള്ളി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്; ലക്ഷ്യമിട്ടത് ബോധപൂര്‍വമായ അപമാനിക്കല്‍

Jaihind News Bureau
Thursday, January 22, 2026

 

ലൈംഗികാതിക്രമം ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ദീപക്കിനെ മനപ്പൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സംഭവദിവസം ഇരുവരും സഞ്ചരിച്ചിരുന്ന അല്‍അമീന്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ ഷിംജിത ആരോപിച്ചത് പോലെ അസ്വാഭാവികമായി ഒന്നും തന്നെ ബസിനുള്ളില്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബസ് ജീവനക്കാരോ സഹയാത്രികരോ ഇത്തരം ഒരു സംഭവത്തെക്കുറിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, യാത്രയ്ക്ക് ശേഷം ഇരുവരും വളരെ സ്വാഭാവികമായാണ് ബസില്‍ നിന്നും ഇറങ്ങിപ്പോയതെന്നും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഏഴോളം വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചിരുന്നത്. ഇതില്‍ പലതും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ലൈംഗികാതിക്രമം നേരിട്ടാല്‍ പോലീസില്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടതെങ്കിലും ഷിംജിത നിയമപരമായ നടപടികള്‍ക്ക് മുതിരാതെ വീഡിയോ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിക്ക് ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് നടപടികള്‍ തുടരണമെന്നുമാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച കുന്ദമംഗലം കോടതി പരിഗണിക്കും. ഷിംജിതയുടെ ഫോണില്‍ നിന്ന് നിര്‍ണ്ണായക ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.