ആഴക്കടല്‍ കരാർ : യുഡിഎഫിന്‍റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

Jaihind News Bureau
Monday, March 1, 2021

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച എല്‍.ഡി.എഫ് സർക്കാരിന്‍റെ ആഴക്കടല്‍ കരാറിനെതിരായ യുഡിഎഫിന്‍റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം. കടലിനും കടലിന്‍റെ മക്കൾക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കടലിനും കടലിന്‍റെ മക്കൾക്കും വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തിയാണ് യു.ഡി.എഫ് ജാഥ. കേരളത്തിന്‍റെ കടലും കൽത്തീരങ്ങളും അമേരിക്കൻ കോർപറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നതിനുവേണ്ടി രഹസ്യ നീക്കം നടത്തിയ ഇടതുസർക്കാരിന്‍റെ മത്സ്യത്തൊഴിലാളികളാടുള്ള വഞ്ചനക്കെതിരെയാണ് ജാഥ. ഇന്ന് വൈകിട്ട് 4 മണിക്ക് കാസർഗോഡ് കസബ കടപ്പുറത്തു നിന്നും ആരംഭിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടി വൻ വിജയമാക്കി തീർക്കുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി

ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെയുള്ള പ്രതിഷേധ ജാഥ തീരപ്രദേശങ്ങളിലൂടെയും മത്സ്യഗ്രാമങ്ങളിലൂടെയും കടന്നുപോകും. ഷിബു ബേബി ജോൺ നയിക്കുന്ന തെക്കൻ മേഖലാ ജാഥ നാളെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രണ്ടു മേഖലാ ജാഥകളും മാർച്ച് അഞ്ചിന് കൊച്ചിയിൽ സമാപിക്കും.