“തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു; എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അപമാന”മെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Thursday, February 20, 2025

തിരുവനന്തപുരം: എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കുള്ള അനുമതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. ” മുൻപ് AKG സെന്‍ററിലാണ് സിപിഐക്കാരെ വിളിച്ച് വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍, അവരുടെ ആസ്ഥാനത്തേക്കു പോയി അപമാനിച്ചു, ബ്രൂവറി തീരുമാനത്തില്‍ CPIയ്ക്കുള്ള പ്രാധാന്യം എല്ലാവർക്കും ബോധ്യമായി” എന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ പാർട്ടിയ്ക്ക് നിർബന്ധിതമായാണ് CPI അംഗീകരിച്ചതെന്നും തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

“മലമ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എന്നാൽ എത്ര വെള്ളം വേണമെന്ന് പോലും ഓയാസിസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സർക്കാരിനോടുള്ള അപേക്ഷയിലും ഈ വിവരങ്ങൾ വ്യക്തമല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പനി അനധികൃതമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും സർക്കാരിന്‍റെ മദ്യ മോഹത്താൽ ജനങ്ങളാണു തളരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “പെട്ടികടകളും ബാർബർ ഷോപ്പുകളും ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ടെങ്കിൽ അതിനേക്കാൾ വലിയ വളർച്ചയുണ്ടെന്നു പറയുന്നതിൽ അർത്ഥമുണ്ടോ?” അദ്ദേഹം ചോദിച്ചു. “മാളുകളും ഓൺലൈൻ വ്യാപാരവും തകർച്ചയ്ക്ക് കാരണമാവുമ്പോൾ സർക്കാർ നിലപാട് എന്തെന്നും ഈ അവഗണന തുടരുകയാണെങ്കിൽ കോവിഡ് കാലത്ത് ചെറുവ്യാപാരികൾ നേരിട്ട ദുരിതം ആവർത്തിക്കപ്പെടുമെന്നും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

“റാഗിംങ് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് SFI ആണ്. എസ്എഫ്ഐ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അവരെ പ്രകീർത്തിച്ചത് .  രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു വ്യാഖ്യാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം  SFI വേദിയിൽ നടത്തിയത്” എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.