കല്പ്പറ്റ: വയനാട് കേണിച്ചിറയിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചിഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി നിർദ്ദേശം നൽകി. മൂന്നു ദിവസത്തിനിടെ നാലു പശുക്കൾ കൊല്ലപ്പെട്ടതോടെ ജനങ്ങൾ പനമരം – സുൽത്താൻ ബത്തേരി സംസ്ഥാനപാത ഉപരോധിച്ചു.
ഇന്നലെ ഒറ്റരാത്രികൊണ്ട് മൂന്നു പശുക്കളെ കടുവ കൊന്നതോടെയാണ് ജനങ്ങളുടെ രോഷം അണപൊട്ടിയത്. കേണിച്ചിറ കിഴക്കേൽ സാബുവിന്‍റെ പശുവിനെ രാത്രി 10 മണിയോടെയും മാളിയേക്കൽ ബെന്നിയുടെ രണ്ട് പശുക്കളെ പുലർച്ചെയോടെയും കടുവ കൊന്നു. വ്യാഴാഴ്ച എടക്കാട് തെക്കേപുന്നാപ്പിള്ളിൽ വർഗീസിന്‍റെ 3 വയസ് പ്രായമുള്ള പശുവിനെയും കടുവ കൊന്നിരുന്നു. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ പകലും രാത്രിയും കടുവയുടെ ആക്രമണമുണ്ടായതോടെ ഭീതിയിലായ ജനങ്ങളാണ് തെരുവിലിറങ്ങിയത്. കടുവ കൊന്ന പശുവിന്‍റെ ജനവുമായി റോഡുപരോധിച്ച നാട്ടുകാർ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു.
ഇതിനിടെ കൊല്ലപ്പെട്ട പശുക്കളുടെ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ വനം വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സർവകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെങ്കിലും പ്രതിഷേധം അയഞ്ഞില്ല. മയക്കുവെടി വെക്കും എന്ന മന്ത്രിയുടെ ഉറപ്പെത്തിയതോടെ റോഡുപരോധം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ഉത്തരവിറങ്ങും വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.