സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം; തീയതി പിന്നീട്

Jaihind News Bureau
Thursday, May 14, 2020

 

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാ മദ്യവിൽപനശാലകളും ഒന്നിച്ച് തുറക്കാനാണ് ശ്രമിക്കുന്നത്. ബാറുകളില്‍ പാഴ്‌സലിന് പ്രത്യേകം കൗണ്ടർ സംവിധാനം ഏർപ്പെടുത്തും. മദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരും.

ഇന്നലെ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറന്നിരുന്നു. കുപ്പിയുമായി എത്തുന്നവർക്ക് പാഴ്സലായാണ് കള്ള് നല്‍കുന്നത്. എന്നാല്‍ ആവശ്യത്തിന് കള്ള് ലഭ്യമല്ലാത്തതിനാല്‍ ചില ഷാപ്പുകള്‍ തുറന്നിരുന്നില്ല. കൊവിഡ് ഭീഷണി അതി രൂക്ഷമായി നിലനിന്നപ്പോഴും ബാറുകളും ബിവറേജസുകളും അടയ്ക്കാന്‍ സംസ്ഥാന സർക്കാർ തയാറായിരുന്നില്ല. ഇതിലെ അപകടം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ബാറുകളും ബിവറേജസുകളും അടയ്ക്കാന്‍ സര്‍ക്കാർ നിർബന്ധിതരായത്.