തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ സർക്കാർ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക.
വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ടുപോകുന്നതിനിടെയാണ് അദാനിക്ക് അനുകൂലമായ കേന്ദ്ര തീരുമാനം വരുന്നത്.
ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ ആണ് സർവകക്ഷിയോഗം. അതേസമയം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അതേസമയം സ്വകാര്യവത്ക്കരണ നടപടി നേരത്തെ ആരംഭിച്ചിട്ടും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെറുവിരല്‍ പോലും അനക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് ലേലത്തില്‍ പങ്കെടുത്തു എന്നുവരുത്തി പരാജയപ്പെടുകയും ചെയ്തു. ഇതിനെതിരെ ജനരോഷം ഇരമ്പിയപ്പോഴാണ് സര്‍ക്കാര്‍ തിരുത്താന്‍ തയാറായത്. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിലും സംസ്ഥാന സര്ക്കാന് പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും ആക്ഷേപമുണ്ട്.