കേരള സര്‍വ്വകലാശാല എം ബി എ ഉത്തര കടലാസുകള്‍ നഷ്ടപ്പെട്ട പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാശാലയുടെ ഭാഗത്തും അധ്യാപകന്റെ ഭാഗത്തും വീഴ്ച ഉണ്ടായതായി വൈസ് ചാന്‍സിലര്‍. പരീക്ഷ വീണ്ടും നടത്തുവാന്‍ വൈസ് ചാന്‍സിലര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഏഴാം തീയതി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 22 ന് വീണ്ടും പരീക്ഷ നടത്തും. എന്നാല്‍ അതേസമയം, വിദ്യാര്‍ത്ഥികള്‍ തീരുമാനത്തിനെതിരെ പ്രതിഷേധത്തിലാണ്. സര്‍വകലാശാല നടപടി കണ്ണില്‍ പൊടിയിടുന്നതാണെന്നും ആരുടെ സൗകര്യം അനുസരിച്ചാണ് പരീക്ഷ തീയതി തീരുമാനിച്ചതെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
എം ബി എ മൂന്നാം സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് വിഷയത്തിലെ 65 റെഗുലര്‍ വിദ്യാര്‍ത്ഥികളുടെയും 6 സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും ഉത്തര കടലാസ്സുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാലയ്ക്കും അധ്യാപകനും ഉണ്ടായ വിവിധ വീഴ്ചകളെ കുറിച്ച് വൈസ് ചാന്‍സിലര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച വൈസ് ചാന്‍സിലര്‍ അധ്യാപകന്റെ ഭാഗത്തും സര്‍വകലാശാലയുടെ ഭാഗത്തും വീഴ്ച ഉണ്ടായതായി തുറന്നു സമ്മതിച്ചു. പരീക്ഷ വീണ്ടും നടത്തുവാന്‍ വൈസ് ചാന്‍സിലര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. എന്നാല്‍ പരീക്ഷ വീണ്ടും നടത്തിക്കുന്നതില്‍ പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികള്‍. പുന:പരീക്ഷ നടത്താതെ ശരാശരി മാര്‍ക്കില്‍ വിലയിരുത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഏഴാം തീയതി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 22 ന് വീണ്ടും പരീക്ഷ നടത്തുവാനും തിരുമാനിച്ചു.മൂല്യ നിര്‍ണ്ണയത്തിന് അധ്യാപകര്‍ക്ക് പണം നല്‍കാത്തതിനാല്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയത്തിന് തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നതായി വൈസ് ചാന്‍സിലര്‍ പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാന പ്രശ്‌നം സര്‍വകലാശാല പണം നല്‍കാത്തതാണെന്നും അത് പരിഹരിക്കുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പരീക്ഷാ വിഭാഗത്തിന് ഉണ്ടായ വീഴ്ചയും പരിശോധിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.