കല്‍പ്പറ്റ: ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്‍റ്, ഓക്സിജൻ ആംബുലൻസ് എന്നിവ ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെയും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. ബുധനാഴ്ച രാവിലെ വയനാട് കളക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്‍റ് സൗകര്യമൊരുക്കും. കോഴിക്കോട്, തലശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയാറാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്‍റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റെവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും.
ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റെവന്യൂ മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, ഒ.ആർ. കേളു, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ. ദേവകി എന്നിവർ പങ്കെടുത്തു.