ന്യൂഡല്‍ഹി: മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം ന്യൂനപക്ഷ വിരുദ്ധവും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരത്തെ ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ലോക്‌സഭയിൽ. മുസ്ലിം, സിഖ്, ജെയിന്‍, പാര്‍സി ക്രിസ്ത്യന്‍ , ബുദ്ധിസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന ഫെലോഷിപ്പ് രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന അബുള്‍ കലാം ആസാദിന്റെ സ്മരണാര്‍ഥം 2006 ല്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍സിങ് താല്‍പര്യമെടുത്ത് ആരംഭിച്ചതാണ് എന്നും ഈ പദ്ധതി നിര്‍ത്തലാക്കുന്നത് വിദ്യാഭ്യാസത്തില്‍ അവസര തുല്ല്യത ന്യൂനപക്ഷങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ള അജണ്ട ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോകസഭയില്‍ അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. 2022-23 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.