കോഴിക്കോട് : സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന്‍റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി ജനകീയ സംവാദ സമിതി കോഴിക്കോട് സംവാദം നടത്തി. അലോക് കുമാർ വർമ, ജോസഫ് സി മാത്യു, ഡോ. ജി താര തുടങ്ങിയവർ പങ്കടുത്തു. കെ റെയിൽ പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ലെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന് അനുയോജ്യമായ പദ്ധതി അല്ല സിൽവർ ലൈൻ. ജപ്പാനിൽ വിജയിക്കും. ഇവിടെ പ്രകൃതിയെ നശിപ്പിക്കുമെന്ന് അലോക് കുമാർ വർമ പറഞ്ഞു. കോഴിക്കോട് കൂടി പാത കടന്നുപോകുന്നത് ഭൂമിക്ക് അടിയിലൂടെയാണ്. തിരക്കേറിയ നഗരത്തിലും നാട്ടു പ്രദേശങ്ങളിലും ഇത്തരം നിർമാണം എങ്ങനെ നടക്കുമെന്നും അലോക് വർമ ചോദിച്ചു.
കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് തുരങ്കങ്ങൾ ഒരിടത്തും പ്രായോഗികം അല്ലെന്ന് ഡോ. കെ.ജി താര പറഞ്ഞു. ഡിപിആറിലെ പൊള്ളത്തരങ്ങളും യാഥാർത്ഥ്യങ്ങളും വീഡിയോ പ്രസന്‍റേഷനിലൂടെ വിവരിക്കുകയായിരുന്നു ഡോ. കെ.ജി താര. സംവാദത്തിലേക്ക് കെ.റെയിൽ അധികൃതരെയും ഇടതുമുന്നണിയിലെ നേതാക്കളെയും സംഘാടകർ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. കെ റെയിലിനെ അനുകൂലിച്ച് സംസാരിക്കാൻ കോഴിക്കോട് മാനേജ്മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റും എന്‍ജിനീയറുമായ ആനന്ദമണി മാത്രമാണ് എത്തിയത്.