
രാജ്യതലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്‌ഫോടനത്തില്‍ മരണസംഖ്യ 12 ആയി ഉയര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന ഈ ദുരന്തത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് 6.52 ഓടെ ചെങ്കോട്ട ട്രാഫിക് സിഗ്‌നലിന് സമീപം പതുക്കെ നീങ്ങുകയായിരുന്ന ഹ്യുണ്ടായ് ഐ20 കാറിലാണ് സ്‌ഫോടനം നടന്നതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ചയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി ആറ് കാറുകള്‍, രണ്ട് ഇ-റിക്ഷകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 800 മീറ്റര്‍ അകലെയുള്ള കടകള്‍ പോലും കുലുങ്ങിയതായി വ്യാപാരികള്‍ അറിയിച്ചു.
സംഭവത്തില്‍ കാറിന്റെ ഉടമയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേര്‍ ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അമിത് ഷായുമായി സംസാരിക്കുകയും ചെയ്തു. ഭീകരബന്ധം ഉള്‍പ്പെടെ എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ഇന്ന് രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജന്‍സികളുടെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ചണ്ഡീഗഢ്, കൂടാതെ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാണ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. സി.ഐ.എസ്.എഫ്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങള്‍, മെട്രോ, പ്രധാന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ ശക്തമാക്കി. എന്‍.ഐ.എയും ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ച് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഫരീദാബാദില്‍ ഒരു കശ്മീരി ഡോക്ടറുടെ വീട്ടില്‍ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റും ആയുധ ശേഖരവും കണ്ടെടുത്തത് സംഭവത്തിന്റെ ഭീകരബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാന തെളിവാണ്.