സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി. നേതാവ് പ്രിന്റു മഹാദേവിനെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്കിയ പരാതിയിലാണ് പെരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ നടപടിയെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബി.ജെ.പി. വക്താവ് തത്സമയ ടെലിവിഷനില്‍ നടത്തിയ ‘അരുംകൊല ഭീഷണി’യെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ഇത് കേവലം ഒരു അബദ്ധ പ്രസ്താവനയോ അതിശയോക്തിയോ അല്ലെന്നും, മറിച്ച് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും ഒപ്പം നില്ക്കുന്ന ഒരു നേതാവിനെതിരായ ആസൂത്രിതമായ വധഭീഷണിയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ പ്രസ്താവന നടത്തിയ ബിജെപി വക്താവിനെതിരേ നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിയമവാഴ്ചയ്ക്കും ഓരോ പൗരനും സുരക്ഷ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിവിധ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച നിരവധി ഭീഷണികളില്‍ ഏറ്റവും പുതിയതാണിതെന്നും, ഇത് ബി.ജെ.പി.യുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു.