പാണക്കാട് കുടുംബത്തിന്‍റെ കാരുണ്യം; കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

Wednesday, January 23, 2019

കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അര്‍ജുന്‍ അത്തിമുത്തുവിന്‍റെ വധശിക്ഷ പാണക്കാട് കുടുംബത്തിന്‍റെ ശ്രമഫലമായി ജീവപര്യന്തമാക്കി കുറച്ചു. എല്ലാ പ്രതീക്ഷകളും അസ്തമിച്ചുനില്‍ക്കുന്ന അവസരത്തിലാണ് അര്‍ജുന്‍ അത്തിമുത്തുവിന്‍റെ ഭാര്യ പ്രതീക്ഷയോടെ പാണക്കാട് കുടുംബത്തില്‍ സഹായം തേടി എത്തിയത്. ബ്ലഡ് മണി സ്വീകരിച്ച പാലക്കാട്ടെ മലയാളി കുടുംബവും അര്‍ജുന്‍റെ ഭാര്യയും പാണക്കാട് വെച്ച് പരസ്പരം കണ്ടു. ഇതിന് എല്ലാ വിധ സാഹചര്യങ്ങളുമൊരുക്കിയത് പാണക്കാട് കുടുംബമായിരുന്നു.

പിന്നീട് പാണക്കാട് കുടുംബവും കുവൈറ്റിലെ കെ.എം.സി.സി ഭാരവാഹികളും ഇടപെട്ട് അര്‍ജുന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ ഭഗീരഥപ്രയത്നം നടത്തി. ഇതിന്‍റെ ഭാഗമായാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള കുവൈറ്റ് എംബസിയുടെ തീരുമാനം പുറത്തുവന്നത്.

 

വധശിക്ഷ  ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള കുവൈറ്റ് എംബസിയുടെ ഉത്തരവ്.

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നല്‍കിയാല്‍ അര്‍ജുന്‍ രക്ഷപ്പെടും. കിടപ്പാടം വിറ്റിട്ടും തുക കണ്ടെത്താനായില്ലെന്ന് അര്‍ജുന്‍റെ ഭാര്യ മാലതി മുനവറലി ശിഹാബ് തങ്ങളെ അറിയിച്ചു. തുടര്‍ന്ന് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മാലതിയെയും കുടുംബത്തെയും സഹായിക്കാനായി 25 ലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു. കുവൈറ്റിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തിനിടെ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലായിരുന്നു അര്‍ജുന് വധശിക്ഷ വിധിച്ചത്.