നിര്‍ഭയ കേസ് : പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ

Jaihind News Bureau
Wednesday, December 18, 2019

നിര‍ഭയ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ തന്നെയെന്ന് സുപ്രീംകോടതി. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. പുതിയ കാര്യങ്ങളൊന്നും പുനഃപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ കോടതി പുനഃപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.

അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നും സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി സിംഗ് പ്രതികരിച്ചു.

തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.

കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കിയെന്നും അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ.പി സിംഗ് വാദിച്ചു. ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.

പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍.ബാനുമതി, എ.എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത. പുനഃപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു. ബന്ധുവായ അഭിഭാഷകന്‍ കേസില്‍ ഹാജരായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി ഹാജരായത് ചീഫ് ജസ്റ്റിസിന്‍റെ ബന്ധു അഡ്വ. അര്‍ജുന്‍ ബോബ്ഡേ ആയിരുന്നു.