വിതുരയില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സിനെ തടഞ്ഞതുകൊണ്ട് രോഗി മരണപ്പെട്ടു എന്ന ഇടതുപക്ഷ വ്യാഖ്യാനം തീര്‍ത്തും വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍. പല ആളുകള്‍ ഒന്നുചേര്‍ന്ന് ഒരു കള്ളം പല ആവര്‍ത്തി പറയുമ്പോള്‍ അത് സത്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നും. അത് തന്നെയാണ്് വിതുരയിലും സംഭവിച്ചതെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
വിതുര ഗവ.താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിന്റെ ശോചനീയാവസ്ഥ എന്നും അവിടെ ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളെ കൊണ്ടുപോയ 108 ആംബുലന്‍സ് അപകടനിലയിലാണ് എന്ന പരാതി വന്നപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനുമുമ്പും പലതവണ സമാനമായ സമരങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഈ സമയത്തുതന്നെയാണ് മണലി ആദിവാസി മേഖലയിലെ ഒരു യുവാവ് നിര്‍ഭാഗ്യവശാല്‍ വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ എത്തുന്നത്.
സമരത്തിനിടയില്‍ ഡോക്ടര്‍ വന്നിട്ട് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വേണമെന്ന് പറഞ്ഞു. പ്രതിഷേധവുമായി എത്തിയ സഹപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ മാറുകയും, അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍റോഷിയും കൂടി ചേര്‍ന്ന് രോഗിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം സിസിടിവി ക്യാമറയിലും മൊബൈല്‍ ക്യാമെറയിലും വ്യക്തമായി പതിഞ്ഞ കാര്യങ്ങളാണ് എന്നിരിക്കെയാണ് ചില ഇടതുകേന്ദ്രങ്ങള്‍ ഒരു രാഷ്ട്രീയസുവര്‍ണ്ണാവസരം കണ്ടുകൊണ്ട് ഈ വ്യാജപ്രചരണം നടത്തുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും പക്ഷേ ചിലര്‍ എഴുതികൂട്ടിയ തിരക്കഥയുടെ ഭാഗമായി ചെറുപ്പക്കാരെ ക്രൂശിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അതു അംഗീകരിക്കാന്‍ കഴിയില്ലെന്നും ശബരീനാഥന്‍ വ്യക്തമാക്കി.