RAHUL GANDHI| ഒഡീഷയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; പെണ്‍മക്കള്‍ വേട്ടയാടുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നെന്ന് വിമര്‍ശനം

Jaihind News Bureau
Tuesday, July 15, 2025

ഒഡിഷയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് രാഹുല്‍ ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് പെണ്‍മക്കള്‍ വേട്ടയാടുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുയാണെന്ന് അദ്ദേഹം എക്‌സില്‍ കുറ്റപ്പെടുത്തി.

തിങ്കളാഴ്ചയാണ് അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചത്. ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടണോമസ് കേളേജിലെ ബി എഡ് വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയാണ് മരിച്ചത്. ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്നു. സാധ്യമായ എല്ലാ ചികിത്സ നല്‍കിയിട്ടും വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

ഇന്റഗ്രേറ്റഡ് ബി. എഡ്. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സമീര്‍ കുമാര്‍ സാഹുവിന്റെ നിരന്തരമായ പീഡനം കാരണം ആഴ്ചകളായി വിദ്യാര്‍ത്ഥിനി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അധ്യാപകന്‍ അനുചിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചതായും അനുസരിക്കാന്‍ വിസമ്മതിച്ചാല്‍ അക്കാദമിക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹപാഠികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലെ പ്രിന്‍സിപ്പല്‍ ദിലീപ് കുമാര്‍ ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഭുവനേശ്വറിലും ബാലസോറിലും വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഭരണകക്ഷിയായ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.