പേരാമ്പ്ര കൂത്താളിയില്‍ തൈപ്പറമ്പില്‍ പത്മാവതി അമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മകന്‍ ലിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്.
കട്ടിലില്‍ കിടക്കുകയായിരുന്ന അമ്മയെ ലിനീഷ് കഴുത്തില്‍ പിടിച്ച് ഉയര്‍ത്തി. ശേഷം കാല്‍മുട്ടുകൊണ്ട് നെറ്റിയിലും വയറ്റിലും ഇടിച്ചു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ പത്മാവതിയുടെ വാരിയെല്ലുകള്‍ തകരുകയും ചെയ്തിരുന്നു.
മര്‍ദനമേറ്റതിന്റെ പിറ്റേ ദിവസം അയല്‍ക്കാരുടെ സഹായത്തോടെയാണ് പത്മാവതിയെ ആദ്യം പേരാമ്പ്രയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. കോഴിക്കോട്ടെ ആശുപത്രിയില്‍ വെച്ചാണ് പത്മാവതി അമ്മ മരിച്ചത്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മരിച്ച ഭര്‍ത്താവിന്റെ സൈനിക പെന്‍ഷനും സ്വത്തുക്കളും മൂത്തമകനാണ് നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു ലിനീഷ് അമ്മയെ ആക്രമിച്ചത്. ഇതിനു പുറമെ, ലിനീഷ് അമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല തട്ടിയെടുത്തെന്നും പോലീസ് കണ്ടെത്തി.