മോഡലുകളുടെ മരണം: പിടിയിലായ സൈജുവിന്‍റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍

കൊച്ചി: മുന്‍ മിസ് കേരള അൻസി കബീർ ഉൾപ്പെടെയുള്ള മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. അതേസമയം സൈജുവിൻ്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.

ഡിജെ പാര്‍ട്ടികളില്‍ സൈജു തങ്കച്ചൻ സ്ഥിരമായി മയക്കുമരുന്ന് എത്തിക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു മൊഴി പൊലീസിന് നല്‍കി. സൈജുവിന് ലഹരി കൈമാറിയവരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഗമണ്‍ മയക്കുമരുന്ന് കേസിലെ പ്രതിക്കൊപ്പമുള്ള സൈജുവിന്‍റെ ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മോഡലുകൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒളിവില്‍ കഴിയവെ സൈജു ഗോവയിലും ബംഗളുരുവിലും അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാന്‍ ആകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ വളരെ നിര്‍ണായകമാകും. ഇന്നലെ പൊലീസ് സൈജുവിൻ്റെ ഓഡി കാർ കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സൈജുവിൻ്റെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്.

Comments (0)
Add Comment